Saturday, 13 February 2016

തേനീച്ച: കണ്ടുപഠിക്കേണ്ട ജീവി സമൂഹം

സദാ സമയവും കര്‍മനിരതരായിരികുന്ന ജീവിസമൂഹമാണ് തേനീച്ചകള്‍. തങ്ങളുടെ ജോലികള്‍ എപ്പോഴും കൃത്യതതയോടെ മടികൂടാതെ ചെയ്തുതീര്‍ക്കുന്ന അവരെ വേണമെങ്കില്‍ മനുഷ്യര്‍ക്ക് മാതൃകയാക്കാവുനനതാണ്. തേനീച്ചകളെക്കുറിച്ചാവട്ടെ ഈ ലക്കം.

എപിസ് വര്‍ഗത്തില്‍ പ്രധാനമായും നാല് ഉപവര്‍ഗങ്ങളില്‍പ്പെട്ട തേനീച്ചകളാണ് ഭൂമുഖത്തുള്ളത്.1. എപിസ് ഡോര്‍സേറ്റ (Apis Dorsata, Indian rock bee)
തേനീച്ച വര്‍ഗത്തിലെ ഏറ്റവും വലുപ്പമേറിയ ഇനം. വന്‍ മരങ്ങളുടെ ഉയരങ്ങളിലും പാറയിടുക്കുകളിലും ഒരു അട മാത്രം ഉപയോഗിച്ച് തേനുത്പാദനം നടത്തുന്നു. തുറസായ സ്ഥലങ്ങളില്‍ വസിക്കാനിഷ്ടപ്പെടുന്നു. കാലാവസ്ഥ അനുസരിച്ച് വാസസ്ഥലം തെരഞ്ഞെടുക്കുന്നതിനാല്‍ സ്ഥിരസങ്കേതം ഇവയ്ക്കില്ല. അതിനാല്‍ ഇവയെ പെട്ടികളില്‍ വളര്‍ത്താന്‍ കഴിയില്ല. വര്‍ഷം 40 മുതല്‍ 150 കിലോ വരെ തേനുത്പാദിപ്പക്കാറുണ്ട്.

2. എപിസ് ഫ്‌ളോറിയ (Apis Florea, Indian little bees)
ചെറു ഗണത്തില്‍പ്പെടുന്ന ഇവ കോല്‍തേനീച്ച എന്ന് അറിയപ്പെടുന്നു. ഒരു തേനട മാത്രമുള്ള ഇക്കൂട്ടര്‍ ചെറിയ സംഘമായിരിക്കും. മരങ്ങളുടെ ചെറു ശിഖരങ്ങളിലാണ് വാസസ്ഥലമൊരുക്കുക. പെരുന്തേനീച്ചകളെപ്പോലെ സ്ഥിരമായി വസിക്കാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ പെട്ടികളില്‍ വളര്‍ത്താന്‍ കഴിയില്ല. പരമാവധി 0.5 കിലോഗ്രാമാണ് ഒരു വര്‍ഷം ലഭിക്കുക.

3. എപിസ് സെറാന ഇന്‍ഡിക്ക (Apis Cerana Indica)
മുട്ടകളും ലാര്‍വകളും തേനും ഉള്‍പ്പെട്ട ഒന്നിലധികം തേനടകള്‍ ഇക്കൂട്ടര്‍ക്കുണ്ട്. സ്ഥിരസ്ഥലത്ത് വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇനമായതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ പറ്റിയ ഇനം. ശരാശരി 50 കിലോഗ്രാം തേന്‍ ഒരു വര്‍ഷം ഒരു പെട്ടിയില്‍നിന്നു ലഭിക്കും.

4. എപിസ് മെല്ലിഫെറ (Apis Mellifera, Italian Bees)
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഇനമാണിത്. തേനടകള്‍ ഒന്നില്‍ക്കൂടുതലുണ്ട്. സ്ഥിരസ്ഥലത്ത് വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇനമായതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ പറ്റിയ ഇനം. ശരാശരി 40 കിലോഗ്രാം തേന്‍ ഒരു വര്‍ഷം ഒരു പെട്ടിയില്‍നിന്നു ലഭിക്കും.


ഈ നാല് ഇനങ്ങളില്‍പ്പെട്ട തേനീച്ചകളെക്കൂടാതെ ഔഷധഗുണമുള്ള തേന്‍ ഉത്പാദിപ്പിക്കുന്ന തേനീച്ചകളാണ് ട്രൈഗോണ ഇറിഡിപെന്നിസ് (Trigona iridipennis) അഥവാ ചെറുതേനീച്ച. എപിസ് വിഭാഗത്തില്‍പ്പെട്ട ഈച്ചകള്‍ക്ക് ആക്രമിക്കാന്‍ ചെറിയ വിഷാംശമുള്ള കൊമ്പ് ഉള്ളപ്പോള്‍ ഇവയ്ക്ക് അതില്ല. മെല്ലിപോണ ഇറിഡിപെന്നിസ് എന്നാണ് പഴയ നാമം. അതിനാല്‍ ഇവയെ വളര്‍ത്തുന്നതിനെ മെല്ലിപോണി കള്‍ച്ചര്‍ എന്നു പറയുന്നു.

എപിസ്, ട്രൈഗോണ വിഭാഗത്തില്‍പ്പെട്ട തേനീച്ചകള്‍ സാമൂഹ്യജീവിതം ഇഷ്ടപ്പെടുന്നവരാണ്. ജോലികള്‍ വിഭജിച്ചു ചെയ്യുന്നു. പതിനായിരക്കണക്കിന് ഈച്ചകളുള്ള ഒരു കോളനി ജീവിതം. തങ്ങള്‍ക്ക് വിഭജിച്ചു നല്കിടിട്ടുള്ള ജോലികള്‍ ഓരോരുത്തരും കൃത്യമായി ചെയ്യുന്നു എന്നിങ്ങനെയാണ് ഇവയുടെ പ്രത്യേകതകള്‍.

തേനീച്ചക്കൂട് (Hive)

ഒരു റാണിയും പതിനായിരക്കണക്കിനു വേലക്കാരി ഈച്ചകളും ചുരുക്കം മടിയന്‍ ഈച്ചകളും ഉള്‍പ്പെട്ടതാണ് ഒരു തേനീച്ചക്കോളനി. സാധാരണഗതിയില്‍ ഒരു റാണി ഈച്ച ഉള്ളതാണ് ആരോഗ്യമുള്ള തേനീച്ച കോളനിയുടെ ലക്ഷണം. കോളനിയിലുള്ള എല്ലാ ഈച്ചകളും റാണിയുടെ മക്കളാണ്. കാലാവസ്ഥയും ഭക്ഷണവും അനുകൂലമാണെങ്കില്‍ റാണി ഈച്ച ഒരു ദിവസം ഏകദേശം 800-1500 മുട്ടകള്‍ ഇടുമെന്നു പറയപ്പെടുന്നു.

കോളനികളിലെ ഈച്ചകളുടെ പ്രത്യേകതകള്‍

1. റാണി (Queen)

നീളമുള്ള ഉദരഭാഗം. രണ്ടു ജോടി ചിറകുകള്‍. ആയുസ് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ.

2. ജോലിക്കാര്‍

പ്രജനനം നടത്താന്‍ കഴിയാത്ത പെണ്‍ ഈച്ചകളാണിവര്‍. റാണിയെ അപേക്ഷിച്ച് വലുപ്പം കുറവ്. വിശ്രമമില്ലാതെ സദാസമയവും ജോലികളിലായിരിക്കും. ജോലിയുടെ സ്വഭാവവുമായി ആയുസ് ബന്ധപ്പെട്ടിരിക്കുന്നു.

3. മടിയന്മാര്‍ (Drones)

ആണ്‍ ഈച്ചകളാണിവര്‍. ജോലിക്കാരി ഈച്ചകളേക്കാള്‍ വലുപ്പം കൂടുതല്‍. വീതിയേറിയതും തിളങ്ങുന്നതുമായ ഉദരഭാഗം. റാണിയുമായി ഇണ ചേരുക എന്നതാണ് ജോലി. മഴക്കാലങ്ങളില്‍ പ്രകൃതിയില്‍നിന്നുള്ള ഭക്ഷണം കുറവായതിനാല്‍ മടിയന്‍ ഈച്ചകളുടെ എണ്ണം കോളനികളില്‍ കുറവായിരിക്കും. ഒരു ജോലിയും ചെയ്യാതെ തേന്‍ കുടിച്ചു കഴിയുന്നതുകൊണ്ടാണ് ഈ നിയന്ത്രണം.

രണ്ടു തരത്തിലുള്ള മുട്ടകളാണ് റാണി ഇടുക. ബീജസങ്കലനം നടന്നതും ബീജസങ്കലനം നടക്കാത്തതും. ഇതില്‍ ബീജസങ്കലനം നടക്കാത്ത മുട്ടകളില്‍നിന്നാണ് മടിയനീച്ചകള്‍ (ആണ്‍ ഈച്ചകള്‍) ഉണ്ടാകുന്നത്. എന്നാല്‍ ബീജസങ്കലനം നടന്ന മുട്ടകള്‍ വിരിഞ്ഞിറങ്ങുന്നത് മുഴുവനും പെണ്‍ ഈച്ചകളായിരിക്കും. ഇവരാണ് കോളനിയെ പ്രവര്‍ത്തനസജ്ജമാക്കുന്നത് ആവശ്യം വരുമ്പോള്‍ റാണിയെ വളര്‍ത്തിയെടുക്കുന്നതും ഈ മുട്ടയില്‍നിന്നുതന്നെ.

തേനീച്ചയുടെ ജീവിതഘട്ടങ്ങള്‍
മുട്ട-ലാര്‍വ-പ്യൂപ്പ-അഡള്‍ട്ട്

റോയല്‍ ജെല്ലി

ചെറുപ്പക്കാരായ തേനീച്ചകളുടെ തലച്ചോറിനോടു ചേര്‍ന്ന ഭാഗവും മാന്റിബുല ഗ്ലാന്‍ഡും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന പ്രത്യേക ദ്രവമാണ് റോയല്‍ ജെല്ലി. തേന്‍, പൂമ്പോടി, റോയല്‍ ജെല്ലി എന്നിവയാണ് ലാര്‍വ ഘട്ടത്തിലുള്ള കുഞ്ഞുങ്ങള്‍ക്കു നല്കുന്നത്. റോയല്‍ ജെല്ലി കൂടുതല്‍ നല്കിയാല്‍ ആ ലാര്‍വ റാണിയായി മാറും.

തേനില്‍ അടങ്ങിയിരിക്കുന്നത്
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയത്. 36 ശതമാനം ഫ്രക്ടോസ്, 30-34 ശതമാനം ഗ്ലൂക്കോസ്, 1-2 ശതമാനം സുക്രോസ്.

തേനീച്ചകളുടെ സാമൂഹ്യജീവിതം

ഒരു കോളനിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് റാണി ഈച്ചയാണ്. കോമ്പൗണ്ട് കണ്ണുകളാണ് തേനീച്ചയുടെ പ്രത്യേകത. അതായയത് അനവധി ചെറിയ കണ്ണുകള്‍ ചേര്‍ന്നത്. ഇത് തേനീച്ചയുടെ കാഴ്ച വര്‍ധിപ്പിക്കുന്നു. പ്രായമനുസരിച്ചാണ് കോളനിയിലെ ജോലികള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. പ്യൂപ്പല്‍ ഘട്ടത്തില്‍നിന്നു ഈച്ചയായി പുറത്തിറങ്ങുന്ന ഈച്ചകള്‍ ശുചീകരണപ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. പിന്നീട് പ്രായം ഏറുന്തോറും ശുശ്രൂഷ, മെഴുക് ഉത്പാദിപ്പിച്ച് തേനട (Comb) ഉണ്ചക്കുക, കാവല്‍, ഭക്ഷണം തേടല്‍ എന്നിങ്ങനെയാണ് യഥാക്രമം ചെയ്യുക. സാധാരണഗതിയില്‍ രാവിലെ 5-5.30 മുതല്‍ വെകുന്നേരം 6-7 മണിവരെയാണ് തേനീച്ചകളുടെ ജോലിസമയം. കെമിക്കല്‍ കമ്യൂണിക്കേറ്റിംഗ് സിസ്റ്റമാണ് തേനീച്ചകള്‍ക്കുള്ളത്. റാണിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഫിറമോണ്‍ ആണ് കോളനിയെ നിയന്ത്രിക്കുന്നത്.


തേനട

തേനീച്ചകളുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കടുപ്പമേറിയ ഒന്നാണ് തേനട നിര്‍മിക്കല്‍. ഒരു കിലോഗ്രാം മെഴുക് ഉത്പാദിപ്പിക്കാനായി ഏകദേശം 15 കിലോഗ്രാം തേന്‍ വേണ്ടിവരും. തേന്‍ ശേഖരിക്കുമ്പോള്‍ തേനടകള്‍ക്ക് ക്ഷതം സംഭവിക്കാതിരുന്നാല്‍ തേനുത്പാദനം വര്‍ധിക്കുമെന്ന് സാരം. ഹെക്‌സഗണല്‍ ആകൃതിയാണ് തേനടയിലെ ഓരോ അറകള്‍ക്കും നല്കിയിട്ടുള്ളത്. സ്ഥല നഷ്ടം ഒഴിവാക്കാനാണ് ഈ രീതി തേനീച്ചകള്‍ പിന്തുടരുന്നത്.

തേന്‍ എന്നാല്‍

പുഷ്പങ്ങളില്‍നിന്നോ പുഷ്‌പേതര ഗ്രന്ഥികളില്‍നിന്നോ തേനീച്ചകള്‍ ശേഖരിച്ച് ഉത്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ് തേന്‍. മധുരമുള്ള ഇത് ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളില്‍നിന്നു ശേഖരിക്കുന്ന തേന്‍, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിലാക്കിയാണ് കൂട്ടിലേക്ക് കൊണ്ടുവരിക. വയറ്റില്‍വച്ച് തേന്‍ ലെവ്‌ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളില്‍ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടില്‍ വന്നാല്‍ ജോലിക്കാരായ ഈച്ചകള്‍ക്ക് ഇതു കൈമാറുന്നു. നിരവധിതവണ ദഹനപ്രക്രിയയിലൂടെ കടന്നുപോകുന്ന തേന്‍ തേനറകളില്‍ നിക്ഷേപിക്കപ്പെടുന്നു. അതിനുശേഷം തേനില്‍ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാന്‍ വേണ്ടി ചിറകുകള്‍ കൊണ്ട് വീശി ഉണക്കും. തേനടകളിലെ ഓരോ അറയും നിറഞ്ഞശേഷം ജലാംശം വറ്റിച്ചതിനുശേഷമാണ് അവ സീല്‍ ചെയ്ത് സംരക്ഷിക്കുക. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ് വര്‍ഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.
 തേനീച്ചകള്‍ സൂക്ഷ്മതയോടെ ചെയ്താലും നാം അവയുടെ കൂട്ടില്‍നിന്നു ശേഖരിക്കുന്ന തേനില്‍ ജലാംശംമുണ്ടായാലാല്‍ തേനിന് ആയുസ് ഉണ്ടാവില്ല. ആയതിനാല്‍ കൃത്രിമ രീതിയിലൂടെ തേനിലെ ജലാംശം വറ്റിച്ചതിനുശേഷം വേണം സൂക്ഷിച്ചുവയ്ക്കാന്‍. സൂര്യപ്രകാശത്തിലോ ചെറു ചൂടുവെള്ളത്തില്‍ തേന്‍നിറച്ച പാത്രം ഇറക്കിവച്ചോ തേനിലെ ജലാംശം കുറയ്ക്കാവുന്നതാണ്.
  പൂര്‍ണമായും ദഹിച്ച ഒരു ഭക്ഷണമാണ് തേന്‍. അതിനാല്‍ത്തന്നെ നാം തേന്‍ കഴിക്കുമ്പോള്‍ അത് ശരീരത്തിലേക്ക് വളരെ വേഗം ആഗിരണം ചെയ്യപ്പെടും. കുട്ടികള്‍ക്ക് ഗ്ലൂക്കോസ് ലായനികള്‍ നല്കുന്ന ഊര്‍ജത്തിലും വേഗത്തില്‍ തേനിന് ഊര്‍ജം നല്കാന്‍ കഴിയുമെന്ന് ചുരുക്കം.

മൃതദേഹങ്ങള്‍ കേടുകൂടാതിരിക്കാന്‍വേണ്ടി തേന്‍ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തില്‍ മുറിവേറ്റവര്‍ക്ക് തേന്‍ നല്‍കുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാര്‍ തേന്‍ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു. ശരീരത്തില്‍ പൊള്ളലേല്‍ക്കുന്ന ഭാഗത്ത് തേന്‍ പുരട്ടുന്നത് ഇപ്പോഴും പിന്തുടരാറുണ്ട്.


എപിടോക്‌സിന്‍ അഥവാ തേനീച്ചവിഷം

തങ്ങളുടെ ആവാസവ്യവസ്ഥയില്‍ ആരെങ്കിലും കടന്നുകയറിയാലോ അകാരണമായി ഭയപ്പെടുത്തിയാലോ മാത്രമാണ് തേനീച്ചകള്‍ ആക്രമണകാരികളാകുന്നത്. വന്‍തേനീച്ചകളായ എപിസ് ഡോര്‍സേറ്റ, എപിസ് സെറാന ഇന്‍ഡിക്ക, എപിസ് മെല്ലിഫെറ എന്നിവരാണ് പ്രധാനമായും ആക്രമിക്കുക. ഉദരത്തിനു പിറകിലാണ് ഇവയുടെ കൊമ്പ് (Sting). ശത്രുവിനെ ഈ കൊമ്പ് ഉപയോഗിച്ച് ആക്രമിക്കുമ്പോള്‍ 0.1മില്ലി ഗ്രാം വിഷമാണ് ഒരു ഈച്ച പുറപ്പെടുവിക്കുക. ഒപ്പം ഒരു ഫിറമോണും പുറപ്പെടുവിക്കും. ഇത് മറ്റ് ഈച്ചകള്‍ക്ക് ശത്രുവിനെ തിരിച്ചറിഞ്ഞ് ആക്രമിക്കാന്‍ സഹായകമാകുന്നു. അതാണ് തേനീച്ചയുടെ കുത്തേറ്റ ഭാഗത്ത് മറ്റ് ഈച്ചകള്‍ കൂടുതലായി കുത്തുന്നത്. കുത്തിയാല്‍പിന്നെ കൊമ്പ് ഊരിയെടുക്കാന്‍ അവയ്ക്കു കഴിയില്ല. എന്നാല്‍ കുത്തിയശേഷം പെട്ടെന്നു വലിച്ചെടുക്കുന്നതിനാല്‍ കൊമ്പ് ഈച്ചയുടെ ശരീരത്തില്‍നിന്നു പറിഞ്ഞുപോകും. കൊമ്പ് നഷ്ടപ്പെട്ട ഈച്ചകള്‍ക്കു പിന്നെ ജീവിക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍ സ്വന്തം കോളനി സംരക്ഷിക്കാന്‍ ജീവന്‍ നല്കുന്ന ചാവേറുകളാണ് തേനീച്ചകള്‍.

കോളനികളിലെ പെണ്‍തേനീച്ചകള്‍ക്കു (വേലക്കാരി ഈച്ചകള്‍) മാത്രമാണ് ആക്രമിക്കാനുള്ള കൊമ്പ് (Sting) ഉണ്ടാവൂ. മുട്ടകള്‍ സൂക്ഷിക്കാനുള്ള പ്രത്യേക അറ (Ovipositor) രൂപാന്തരം പ്രാപിച്ചാണ് ഈ കൊമ്പ് ഉണ്ടാവുക. അതുകൊണ്ടുതന്നെ റാണി ഈച്ചയ്ക്കു വളരെ ചെറിയ കൊമ്പെ ഉണ്ടാവൂ.

എപിടോക്‌സിന്‍ ചെറിയ വിഷമായതുകൊണ്ടാണ് അവ ശരീരത്തില്‍ കയറിയാന്‍ കുത്തേറ്റ ഭാഗം നീരുവന്നു തടിച്ചുവീര്‍ക്കുന്നത്. ചെറിയ തോതില്‍ വിഷം മനുഷ്യശരീരത്തിനു നല്ലതാണെങ്കിലും പരിധിയില്‍ കവിഞ്ഞാല്‍ മരണകാരണമാകുകയും ചെയ്യും. എപിസ് ഡോര്‍സേറ്റ(പെരുന്തേനീച്ച)യുടെ ആക്രമണത്തിനിരയായി പലര്‍ക്കും ജീവഹാനി സംഭവിക്കുന്നത് അതിനാലാണ്.


ഹണിഫ്‌ളോ പീരിഡ്

കേരങ്ങളുടെ നാടാണ് കേരളം എന്നു പറയുമ്പോഴും നമ്മുടെ നാട്ടിലെ തേനീച്ചകള്‍ക്ക് ചാകര ലഭിക്കുന്നത് റബര്‍മരങ്ങള്‍ പൂവിടുന്ന കാലത്താണ്. ഫെബ്രുവരി-ഏപ്രില്‍ മാസമാണ് റബര്‍ തേനിന്റെ സീസണ്‍. റബറിന്റെ മൂന്ന് ഇലകള്‍ ചേരുന്ന ഭാത്തത്തുനിന്നാണ് തേന്‍ ലഭിക്കുക. പൂക്കളില്‍ അല്ലാതെ തേന്‍ ഉത്പാദിപ്പിക്കുന്ന മരമാണ് റബര്‍.
തേനിന്റെ രുചി മരങ്ങളുടെയും ചെടികളുടെയും പൂക്കളെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ എല്ലാ തേനുകളുടെയും ഘടന ഒന്നായിരിക്കും. സീസണ്‍ അനുസരിച്ച് ഈച്ചകളെ സ്ഥലം മാറ്റി മാറ്റി വളര്‍ത്തുന്നതിനെ മൈഗ്രേറ്ററി ബീ കീപ്പിംഗ് എന്നു പറയുന്നു.അറിയാം ചില കാര്യങ്ങള്‍

- തേനീച്ചവളര്‍ത്തല്‍ (Bee keeping): പൂമ്പോടി, പരാഗണം, തേന്‍, മെഴുക്, വിഷം, റോയല്‍ ജെല്ലി എന്നിവയ്ക്കായി തേനീച്ചയെ സംരക്ഷിക്കുന്ന കല. ശാസ്ത്രീയമായി എപികള്‍ച്ചര്‍ (Apiculture) എന്നു പറയുന്നു.
- അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പറന്നാണ് റാണി ഈച്ച ഇണചേരുക. ഇണ ചേരുമ്പോള്‍ത്തന്നെ പരമാവധി ബീജം ശരീരത്തിലെ പ്രത്യേക അറയില്‍ സൂക്ഷിക്കുന്നു.
- ബീ ഡാന്‍സ്: ഭക്ഷണം കണ്ടെത്തിയാല്‍ മറ്റു തേനീച്ചകള്‍ക്ക് നൃത്തത്തിനു സമാനമായ രീതിയില്‍ സൂചന നല്കുന്നതാണിത്. കാള്‍ വോണ്‍ ഫ്രീഷ് എന്ന ശാസ്ത്രജ്ഞനാണ് ഇതിനെക്കുറിച്ച് വ്യക്തമായ വിവരണം നല്കാന്‍ കഴിഞ്ഞത്. പ്രാണികളിലെ ആശയവിനിമയത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ക്ക് 1973ല്‍ അദ്ദേഹത്തിനു നൊബേല്‍ സമ്മാനം ലഭിച്ചു.
- സ്‌കെപ്‌സ് (Skeps): കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന തേനീച്ചപ്പെട്ടികള്‍.
- എപിയറി (Apiary)- കോളനികളുടെ കൂട്ടം (1 എപിയറി= 25 കോളനി).
- ഡെത്ത് പീരിഡ് അഥവാ ക്ഷാമകാലം: ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മഴക്കാലമായതിനാല്‍ പ്രകൃതിയില്‍നിന്നു തേനും പൂമ്പൊടിയും ലഭിക്കാതെ വരും. ഇത് തേനീച്ചകള്‍ക്ക് ക്ഷാമകാലമായിരിക്കും. മാത്രമല്ല കോളനികളുടെ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലായിരിക്കും.
- എപി തെറാപ്പി: തേനീച്ചകളെ ഉപയോഗിച്ചുള്ള ചികിത്സ.
- ഹണി തെറാപ്പി: തേന്‍ ഉപയോഗിച്ചുള്ള ചികിത്സ.

No comments:

Post a Comment

ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി

വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെ...