Thursday 25 February 2016

പരാദാക്രമണം മത്സ്യങ്ങളില്‍

അനേകായിരം ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രമാണ് ജലാശയങ്ങള്‍. ഉപകാരികളും ഉപദ്രവകാരികളുമായ ഏകകോശ ജീവികള്‍ മുതല്‍ നട്ടെല്ലുള്ള ജീവികള്‍ വരെ വസിക്കുന്ന ഇടം. ശുദ്ധജലമത്സ്യകൃഷികളില്‍ പലപ്പോഴും പരാദജീവികള്‍ നഷ്ടങ്ങള്‍ വരുത്തിവയ്ക്കാറുണ്ട്. അത്തരത്തില്‍ മത്സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്ന പരാദജീവിയായ ഹൈഡ്രയെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.


സാധാരണഗതിയില്‍ പൊതു ജലാശയങ്ങളിലും മലിന ജലാശയങ്ങലിലുമാണ് ഇവ കാണപ്പെടുക. അക്വേറിയങ്ങളില്‍ വ്യാപിക്കുക പുറത്തുനിന്നുള്ള വെള്ളം, ചെടി തുടങ്ങിയവ കാര്യമായ അണുനശീകരണം നടത്താതെ നിക്ഷേപിക്കുന്നത് മൂലമാണ്. ഒരു തവണ ഇവ വന്നുപെട്ടാല്‍ നശിപ്പിക്കുക അല്പം പ്രയാസമുള്ള കാര്യമാണ്.

അവയ്ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്ന സാഹചര്യമാണെങ്കില്‍ വളരെവേഗത്തില്‍ വിഭജിച്ചു പെരുകും. മത്സ്യങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിത്ത് ചെതുമ്പലിന്റെ ഇടയില്‍ക്കൂടി ശരീരത്തിലേക്ക് ഹൈഡ്ര വേരുകള്‍ ഇറക്കി രക്തം ഊറ്റിക്കുടിച്ചാണ് വളരുക. ചെറിയ ചെതുമ്പലുള്ള മത്സ്യങ്ങളില്‍ അത്ര കാര്യമായി കാണപ്പെടുന്നില്ലെങ്കിലും ജയന്റ് ഗൗരാമി, കാര്‍പ്പ് പോലുള്ള മത്സ്യങ്ങളുടെ ദേഹത്ത് ഇവ വ്യാപകമായി കാണാം. ഹൈഡ്ര പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് ചെറു വ്രണം രൂപപ്പെടുന്നത് ശ്രദ്ധിച്ചാല്‍ നഗ്നനേത്രങ്ങള്‍ക്കൊണ്ട് ഹൈഡ്രയെ കാണാനാകും.

ജീവനുള്ള ഭക്ഷണമാണ് ഹൈഡ്ര കഴിക്കുക. അതിനാല്‍ ചെറു മത്സ്യങ്ങളുടെ പ്രജനനക്കുളങ്ങളില്‍ ഹൈഡ്ര എത്തിപ്പെട്ടാല്‍ മത്സ്യക്കുഞ്ഞുങ്ങളുടെ നാശമാവും ഉണ്ടാവുക. അതിനാല്‍തന്നെ ശ്രദ്ധ അത്യാവശ്യമാണ്. ആവശ്യത്തിലധികം ഭക്ഷണം ലഭ്യമാണെന്നുകണ്ടാല്‍ വിഭജനത്തിലൂടെ വളരെ വേഗം പെരുകാന്‍ ഹൈഡ്രയ്ക്കു കഴിയും.


എങ്ങനെ നശിപ്പിക്കാം?

1. കൈകൊണ്ട് നീക്കം ചെയ്യല്‍
മത്സ്യങ്ങളുടെ ദേഹത്ത് കാണുന്ന ഹൈഡ്രയെ പ്ലക്കര്‍ ഉപയോഗിച്ച് നീക്കം ചെയ്യാം. അക്വേറിയത്തിലേക്ക് പുതുതായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും 10 ശതമാനം ബ്ലീച്ച് ലായനിയില്‍ 10 മിനിറ്റെങ്കിലും മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ കഴുകി ഉണക്കിയിരിക്കണം.

2. ശത്രുമത്സ്യങ്ങളെ നിക്ഷേപിക്കല്‍
ഹൈഡ്രയെ ഭക്ഷിക്കുന്ന ബ്ലൂ ഗൗരാമികള്‍, മോളി, പറുദീസ മത്സ്യം, ഒച്ചുകള്‍ എന്നിവയെ ടാങ്കില്‍ നിക്ഷേപിക്കാം. എന്നാല്‍ വലിയ കുളങ്ങളില്‍ ഇത് അത്ര പ്രായോഗികമല്ല. പ്രത്യേകിച്ച് ഗൗരാമികളുടെ പ്രജനനക്കുളങ്ങളില്‍ ഇവ ഒരിക്കലും നിക്ഷേപിക്കാന്‍ കഴിയില്ല.

3. ചൂട് 
അക്വേറിയങ്ങളിലെ വെള്ളം 40 ഡിഗ്രി സെല്‍ഷ്യസില്‍ രണ്ടു മണിക്കൂറെങ്കിലും വെള്ളം ചൂടാക്കിയാല്‍ ഹൈഡ്രയെ നശിപ്പിക്കാം. ആ സമയത്ത് മീനുകളെ മാറ്റിയിരിക്കണം. വെള്ളത്തിലെ ചൂട് സാധാരണനിലയിലേക്കായതിനു ശേഷം വാതായനം (Aeration) നടത്തി മീനുകളെ നിക്ഷേപിക്കാം.

4. കെമിക്കല്‍/മെഡിസിനല്‍ പ്രയോഗം
മുകളില്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളും പലപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. ആ സാഹചര്യത്തില്‍ മെമിക്കല്‍ പ്രയോഗമേ സാധ്യമാകൂ. കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്), പൊട്ടാസ്യം പെര്‍മാംഗനേറ്റ് തുടങ്ങിയവയാണ് ഹൈഡ്ര നശീകരണത്തിനായി ഉപയോഗിക്കാവുന്നത്. ഈ രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ മീനുകള്‍, ചെടികള്‍ എന്നിവ ടാങ്കില്‍നിന്നു മാറ്റിയിരിക്കണം. വലിയ കുളങ്ങളിലും ഇത് പ്രയോഗിക്കാം.


 മുന്‍കരുതല്‍

1. കുളങ്ങള്‍ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണപഥാര്‍ഥങ്ങള്‍ ബാക്കികിടക്കരുത്.
2. സ്വഭാവിക ചെടികള്‍ കുളത്തില്‍ നടുന്നതിനു മുമ്പ് സൂക്ഷ്മനിരീക്ഷണം നടത്തി അണുനശീകരണം നടത്തിയിരിക്കണം.
3. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ജീവനുള്ള ഭക്ഷണം ശേഖരിക്കൂമ്പോള്‍ വലിയ ജലാശയങ്ങളില്‍നിന്നു ശേഖരിക്കാതിരിക്കുക.

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...