Thursday 4 February 2016

വരൂ നമുക്ക് അടുക്കളക്കുളം നിര്‍മിക്കാം


ഒരുവന് ഒരു മത്സ്യം നല്കിയാല്‍ അത് അവന് ഒരു ദിവസത്തെ ആഹാരമാകും. പകരം മത്സ്യത്തെക്കുറിച്ച് പഠിപ്പിച്ചാലോ, അത് അവനു ജീവിതാവസാനം വരെയും ആഹാരമാകുന്നു എന്നാണ് ചൈനീസ് പഴമൊഴി. ചിന്തകള്‍ക്കു വിധേയമാക്കേണ്ട ആശയം പറയാവുന്ന ഈ വാക്കുകള്‍ മത്സ്യകൃഷിയുടെ പ്രാധാന്യത്തെയാണ് വിളിച്ചോതുന്നത്. വാണിജ്യപരമായി കൃഷിചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറികളിലും മത്സ്യത്തിലുമൊക്കെ മലയാളി സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യകത ഏറിവരുന്നുണ്ട്.


കേരളത്തിന്റെ സമ്പദ്ഘടനയില്‍ മത്സ്യമേഖലയ്ക്ക് പ്രധാനപങ്കുണ്ട്. എന്നാല്‍ സമീപകാലത്തെ കണക്കനുസരിച്ച് മത്സ്യമേഖല പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുമ്പോള്‍ ബുദ്ധിമുട്ടിലാകുന്നത് മത്സ്യബന്ധനം തൊഴിലാക്കി ജീവിക്കുന്ന രണ്ടു ലക്ഷത്തോളം ആളുകളാണ്.

എല്ലാം ഏറ്റുവാങ്ങുന്ന കടല്‍, മത്സ്യങ്ങളെ നല്കുന്നുണ്ടെങ്കിലും അവ നമ്മുടെയൊക്കെ അടുക്കളയിലെത്തുമ്പോഴേക്കും കീടനാശിനികളില്‍ മുങ്ങിയിരിക്കും. ജീവനുതന്നെ ഭീഷണിയാകുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണമെങ്കില്‍ വീട്ടിലേക്കാവശ്യമായ മത്സ്യങ്ങളെ സ്വന്തമായി ഉത്പാദിപ്പിക്കേണ്ടി വരും. അല്പം സ്ഥലവും അല്പം സമയവും ഉണ്ടെങ്കില്‍ ഇത് അനായാസം സാധ്യമാക്കാവുന്നതേയുള്ളൂ.

നട്ടല്ലുള്ള ജീവികളില്‍ ഏറ്റവും താഴേക്കിടയിലാണ് ജലജീവികളായ മത്സ്യങ്ങളുടെ സ്ഥാനം. ശീതരക്തമുള്ള ഇവര്‍ക്ക് തോണി പോലെ രണ്ടറ്റവും കൂര്‍ത്ത ആകൃയുള്ള ശരീരം നല്കി പ്രകൃതി ഇവയെ സംരക്ഷിച്ചുപോരുന്നു. ഏകദേശം 28,000 സ്പീഷിസുകളാണ് മത്സ്യകുടുംബത്തിലുള്ളത്. എന്നാല്‍, ഭക്ഷ്യയോഗ്യമായവ വളരെ ചുരുക്കമാണ്. ഇവയില്‍ ശുദ്ധജലത്തില്‍ വളരുന്നവയുടെ എണ്ണവും വിരളം.

അലങ്കാര മത്സ്യങ്ങള്‍ എന്നതിലുപരി ഭക്ഷയോഗ്യമായ മത്സ്യങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ പ്രിയമേറി വരികയാണ്. ശുദ്ധജലാശയത്തിലെ അവസ്ഥ പ്രയോജനപ്പെടുത്തി വളരെ വേഗം വളരുന്ന മത്സ്യങ്ങളെയാണ് ഭക്ഷ്യാവശ്യത്തിനായി കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയൂ. ജലാശയത്തിലെ പ്രാധമിക ജൈവവ്യവസ്ഥയെ നേരിട്ട് ഉപയോഗിക്കാനുള്ള കഴിവിനെയാണ് വളര്‍ത്തുമത്സ്യങ്ങളുടെ യോഗ്യതയായി കണക്കാക്കുക.

സൂര്യപ്രകാശം സ്വീകരിച്ച് വളരുന്ന സസ്യപ്ലവങ്ങളാണ് മത്സ്യങ്ങളുടെ പ്രധാനാഹാരം. അതുകൊണ്ടുതന്നെ പ്ലവങ്ങള്‍ കൂടുതലുള്ളതും വിസ്തൃതി കൂടുലുള്ളതുമായ ജലാശയങ്ങള്‍ മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരമാധി മൂന്നടി താഴ്ച മതിയാകും. സീല്‍പോളിന്‍ കുളങ്ങളോ സിമന്റ് കുളങ്ങളോ സ്വഭാവിക കുളങ്ങളോ ഉപയോഗിക്കാം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന കുളങ്ങള്‍ നന്ന്. കുളത്തില്‍ പ്ലവങ്ങള്‍ വളരാന്‍ വെള്ളം നിറച്ചശേഷം അല്പം ചാണകം കുളത്തില്‍ ലയിപ്പിക്കുക. മൂന്നു നാലു ദിവസത്തിനുശേഷം മത്സ്യങ്ങളെ നിക്ഷേപിക്കാം.

വീട്ടാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ മത്സ്യങ്ങളെ കമ്യൂണിറ്റി രീതിയില്‍ വളര്‍ത്തുന്നതാണ് ഏറ്റവും അനുയോജ്യം. ഇതിനായി മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന മത്സ്യങ്ങളെ തെരഞ്ഞെടുക്കണം. മാത്രമല്ല ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്തും ജലാശയങ്ങളുടെ രാസ-ഭൗതിക സ്വഭാവത്തിനനുസരിച്ചു ജീവിക്കാനുള്ള കഴിവും ഉള്ള മത്സ്യങ്ങളെ വേണം തെരഞ്ഞെടുക്കാന്‍.

ജലോപരിതലത്തിലും മധ്യഭാഗത്തും അടിത്തട്ടിലും തീറ്റതേടുന്ന മത്സ്യങ്ങളെയാണ് എപ്പോഴും കമ്യൂണിറ്റിയായി വളര്‍ത്താന്‍ കഴിയുക. ഇതുവഴി നല്കുന്ന തീറ്റയും കുളത്തിലെ അവശിഷ്ടങ്ങളും പാഴാകുന്നത് ഒഴിവാക്കാനാകും.

ഭക്ഷണമായി വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളും തൊടിയിലെ ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും സിഒ3, സിഒ4, കോംഗോസിഗ്നല്‍ തുടങ്ങിയ പുല്ലുകളും ഭക്ഷമായി നല്കാം. ചുരുങ്ങിയ അളവില്‍ കൈത്തീറ്റ നല്കാം. കൈത്തീറ്റ മാത്രം നല്കി വളര്‍ത്തുന്ന മീനുകളുടെ ശരീരത്തില്‍ കൊഴുപ്പ് അടിയും. അത് രുചി കുറയുന്നതിന് ഇടവരുത്തും. മത്സ്യങ്ങള്‍ക്ക് എപ്പോഴും പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ നല്കുന്നതാണ് ഉത്തമം.


വീട്ടാവശ്യത്തിനു വളര്‍ത്താന്‍ കഴിയുന്ന ചില മത്സ്യങ്ങള്‍

കാര്‍പ്പ് മത്സ്യങ്ങള്‍

രോഹു, കട്‌ല, മൃഗാള്‍, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും വീട്ടാവശ്യത്തിനായി വളര്‍ത്തുന്ന കാര്‍പ്പ് ഇനങ്ങള്‍. വസിക്കുന്ന ജലാശയത്തിന്റെ ആകൃതി ഇവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. നീന്തിത്തുടിക്കാന്‍ നീളമുള്ള കുളങ്ങളാണ് കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യം. നീന്താനുള്ള സ്ഥലമനുസരിച്ച് കാര്‍പ്പ് മത്സ്യങ്ങളുടെ വളര്‍ച്ചയും വര്‍ധിക്കും. ആവശ്യമായ തീറ്റ ലഭ്യമെങ്കില്‍ ഏകദേശം 7-9 മാസത്തിനുള്ളില്‍ വിളവെടുക്കാം.

പൂച്ചമത്സ്യങ്ങള്‍

നാടന്‍ ഇനങ്ങളായ കാരി, കൂരി, മുഷി എന്നിവയും വാളയുമൊക്കെ പൂച്ചമത്സ്യ ഇനത്തില്‍പ്പെടുന്നവയാണ്. രുചിയില്‍ മുന്‍പന്തിയിലുള്ള ഇവയെ അനായാസം വളര്‍ത്താവുന്നതാണ്. അടുക്കളയില്‍നിന്നുള്ള മാലിന്യത്തോടൊപ്പം മാസാവശിഷ്ടങ്ങളും നല്കാം. ചെതുമ്പല്‍ ഇല്ലാത്ത മത്സ്യങ്ങളായതിനാല്‍ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കുമ്പോള്‍ തൊലി ഉരിയണം. അല്ലാത്തപക്ഷം രുചിയെ പ്രതികൂലമായി ബാധിക്കും.


റെഡ് ബെല്ലീഡ് പാക്കു


റെഡ് ബെല്ലി, പാക്കു, നട്ടര്‍ എന്നിങ്ങനെ അറിയപ്പെടുന്ന റെഡ് ബെല്ലീഡ് പാക്കു.  പിരാന കുടുംബത്തിലെ അംഗമാണ്. വയറിലെ ചുവപ്പു നിറമാണ് പേരിനാധാരം. എട്ടുമാസംകൊണ്ട് ഒരു കിലോയോളം തൂക്കം വയ്ക്കും. ചെറിയ ചെതുമ്പലുകളുണ്ട്. എങ്കിലും തൊലിയുരിഞ്ഞ് കറിവയ്ക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പിരാന എന്ന ഭീകര മത്സ്യങ്ങള്‍ പേടിപ്പെടുത്തുന്നവരാണെങ്കിലും ഇവര്‍ അത്രക്കാരല്ല. മിശ്രഭുക്കാണ്. എന്തും കഴിക്കും. മറ്റു മത്സ്യങ്ങളോടൊപ്പം കമ്യൂണിറ്റി രീതിയില്‍ വളര്‍ത്താം.


ജയന്റ് ഗൗരാമി



പേരു സൂചിപ്പിക്കുംപോലെ ഭീമന്മാരാണ് ഇവര്‍. രുചിയില്‍ ബഹുമിടുക്കന്‍. ആദ്യ രണ്ടു വര്‍ഷം വളര്‍ച്ചയില്‍ പിന്നോട്ടാണ്. എന്നാല്‍ രണ്ടു വയസിനു ശേഷമുള്ള വളര്‍ച്ച ദ്രുതഗതിയിലാണ്. ഉറപ്പുള്ള മാംസമാണ് ഇവരുടെ പ്രത്യേകത. പൂച്ച മത്സ്യങ്ങളേപ്പോലെ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശ്വസിക്കാനുള്ള അവയവമുള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും പ്രശ്‌നമില്ല. എന്നാല്‍ അണുബാധയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറു പ്രായത്തില്‍ ചെതുമ്പല്‍ നീക്കിയശേഷം കറി വയ്ക്കാം. മൂന്നു വയസിനു ശേഷമാണെങ്കില്‍ ചെതുമ്പലിനൊപ്പം പുറംതൊലിയും നീക്കം ചെയ്ത് ഇറച്ചി മാത്രം വേര്‍തിരിച്ചെടുക്കാവുന്നതാണ്. കമ്യൂണിറ്റിയായി വളര്‍ത്താന്‍ യോജിച്ച ഇനം. പ്രധാനമായം ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും പുല്ലും ഭക്ഷണമായി നല്കാം.

കരിമീന്‍

കേരളത്തിന്റെ സ്വന്തം മീന്‍. ഉപ്പുള്ള ജലാശയങ്ങളില്‍ വളരുന്നുവെങ്കിലും ഇപ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കായി വളര്‍ത്തുന്നവരും വിരളമല്ല. വാട്ടര്‍ സെന്‍സിറ്റീവാണ് ഏറ്റവും വലിയ പ്രശ്‌നം. വെള്ളത്തിന്റെ ഘടനയില്‍ മാറ്റം വന്നാല്‍ പെട്ടെന്നുതന്നെ ചാകും. അതുകൊണ്ട് പ്രത്യേത ശ്രദ്ധ ആവശ്യമാണ്.


തിലാപ്പിയ

കേരളത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മത്സ്യം. വളരെവേഗം പെറ്റുപെരുകും. ഭക്ഷണാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ ലിംഗനിര്‍ണയം നടത്തി പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കുന്നത് വളര്‍ച്ചത്തോത് വര്‍ധിപ്പിക്കും. അല്ലാത്തപക്ഷം പ്രജനനം നടന്ന് വളര്‍ച്ച കുറയും. പ്രജനനശേഷി ഇല്ലാതാക്കിയ ഗിഫ്റ്റ് തിലാപ്പിയ ഇപ്പോള്‍ പ്രചാരത്തിലുണ്ട്.


 ഐബിന്‍ കാണ്ടാവനം


No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...