Saturday, 27 February 2016

മുയല്‍ കര്‍ഷകരെ അവഗണിക്കരുത്

കേരളത്തില്‍ മുയല്‍ വളര്‍ത്തല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ആരംഭിച്ചിട്ട് 12 വര്‍ഷത്തില്‍ കൂടുതലായിട്ടില്ല. കാര്‍ഷിക കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ചുവടുപിടിച്ച ഒരു പ്രധാന മേഖലയായിരുന്നു മുയല്‍ വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാസം, ഏതു പ്രായത്തില്‍പെട്ടവര്‍ക്കും കഴിക്കാം എന്ന പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്.
മുയലിറച്ചിയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഹ സാധ്യത ഒഴിവാക്കുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരാശരി 2-3 കിലോഗ്രാം തൂക്കം വരുന്ന നാടന്‍ ഇനങ്ങള്‍ മാറി വിദേശ ഇനങ്ങള്‍ കര്‍ഷകരുടെ പ്രിയപ്പെട്ടവരായി. സോവിയറ്റ് ചിന്‍ചില, വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, ന്യൂസിലന്‍ഡ് വൈറ്റ് തുടങ്ങിയ ഇനങ്ങളാണ് കേരളത്തില്‍ പ്രധാനമായും വളര്‍ത്തിവരുന്നത്. മുയല്‍ ഇറച്ചിക്ക് വിപണിയില്‍ പ്രാധാന്യം ഏറിവന്നതോടെ നിരവധിപേര്‍ മുയല്‍വളര്‍ത്തല്‍ ഒരു സംരംഭമാക്കി മുമ്പിട്ടിറങ്ങി. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയവരും തെരഞ്ഞെടുത്ത പാത മുയല്‍ വളര്‍ത്തലായിരുന്നു. കാര്‍ഷിക സര്‍വകലാശാല മുയല്‍ ഫാം ആരംഭിച്ച് പരീക്ഷണങ്ങള്‍ നടത്തിയതും, കര്‍ഷകര്‍ക്കു പരിശീലനം നല്കുന്നതും ഏറെ പേരെ ഇതിലേക്ക് ആകര്‍ഷിച്ചു. ആദ്യ കാലങ്ങളില്‍ മുയലിനു ലഭിച്ച പിന്തുണ കഴിഞ്ഞ കുറച്ചു നാളുകളായി കുത്തനെ താഴേയ്ക്കു താഴ്ന്നതായി കാണാന്‍ സാധിക്കും.

അനുദിനം വര്‍ധിച്ചുവരുന്ന തീറ്റച്ചെലവ്, മുയല്‍ കുഞ്ഞുങ്ങള്‍ക്കും ഇറച്ചിക്കും വിപണിയിയിലെ ഇടിവ് എന്നിവ മുയല്‍ കര്‍ഷകരുടെ പ്രധാന പ്രശ്‌നങ്ങളാണെന്ന് എടുത്തു പറയാതെ വയ്യ. എന്നാല്‍ ഈ ഇടിവ് പെട്ടെന്നുണ്ടായതാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 2014 ഓഗസ്റ്റില്‍ ഭക്ഷ്യ സുരക്ഷ ഗുണനിലവാര അഥോറിറ്റി ഭക്ഷ്യ സംസ്ഥാനങ്ങളിലെ സുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് ഭക്ഷ്യാവശ്യത്തിനായി മുയലിനെ കൊല്ലുന്നതിനെതിരേ ഉത്തരവ് നല്കിയിരുന്നു. പിന്നീട് 2015 മാര്‍ച്ചില്‍ ജോയ്‌സ് ജോര്‍ജ് എംപി ഈ വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, മുയല്‍വളര്‍ത്തല്‍ കാര്‍ഷികവൃത്തിയായി കാണാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഭാഷ്യം. പോത്ത്, ആട്. പന്നി, കന്നുകാലികള്‍, കോഴി, മീന്‍ എന്നിവയെ മാത്രമേ നിയമമനുസരിച്ച് ഭക്ഷണാവശ്യത്തിനായി കൊല്ലാന്‍ പാടുള്ളു എന്നാണ് എംപിയുടെ ചോദ്യത്തിനു കേന്ദ്രകൃഷി സഹമന്ത്രി സഞ്ജീവ്കുമാര്‍ ബല്യാണ്‍ വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമത്തിലെ സി, ബി വകുപ്പുകള്‍ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. കേരളത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉള്‍പ്പെടെ മുയല്‍ വളര്‍ത്തലില്‍ പ്രോത്സാഹനം നല്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ അറിയിപ്പ് എന്നോര്‍ക്കണം.

മുയല്‍, കാട എന്നിവയെ വളര്‍ത്തുന്നതും കൊല്ലുന്നതും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാന്‍ പദ്ധതി തയാറാക്കിയതോടെ കേരളത്തില്‍ ഇവയെ ആശ്രയിച്ചു ജീവിച്ച പല കര്‍ഷകരും പ്രതിസന്ധിയിലായി. മുയലിനെ കൊല്ലാന്‍ കഴിയില്ല എന്നുള്ള രീതിയില്‍ ചര്‍ച്ചകള്‍ വന്നപ്പോള്‍ വന്‍ ഫാമുകളില്‍നിന്നു കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തിവന്ന ചെറുകിട കര്‍ഷകര്‍ അതില്‍നിന്നു പിന്മാറി. ഭീതിമൂലം ഇറച്ചിക്കായി വളര്‍ത്തിയ മിക്ക കര്‍ഷകരും കിട്ടിയ വിലയ്ക്ക് മുയലുകളെ വിറ്റൊഴിവാക്കി. പെറ്റ് എന്ന രീതിയില്‍ വളര്‍ത്താന്‍ മാത്രമായി വില്പന ചുരുങ്ങി. വ്യാവസായിക അടിസ്ഥാനത്തില്‍ മുയല്‍ വളര്‍ത്തലുകാര്‍ക്ക് വലിയൊരു തിരിച്ചടിതന്നെയാണ്. മുയല്‍ വളര്‍ത്തി ഇറച്ചിക്കായി ഉപയോഗിക്കാനായില്ലെങ്കില്‍ പിന്നെന്തിനു അവയെ വളര്‍ത്തണം എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കര്‍ഷകരില്‍ അകാരണമായ ഭീതി വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച 'പങ്കി'നെ പ്രശംസിക്കാതെ തരമില്ല. കര്‍ഷകര്‍ക്കു പ്രചോദനമാകുന്ന, ആശ്വാസകരമാകുന്ന ഒന്നും ഈ അവസരത്തില്‍ മാധ്യമങ്ങള്‍ ചെയ്തില്ലെന്നുള്ളത് വലിയോരു പോരായ്മതന്നെയാണ്.

വന്‍ പദ്ധതിയായി ബാങ്ക് വായ്പയെടുത്തു ഫാം ആരംഭിച്ചു കടക്കെണിയിലായ നിരവധി കര്‍ഷകര്‍ ഇന്നു കേരളത്തിലുണ്ട്. വന്‍കിട കര്‍ഷകര്‍ പ്രതിസന്ധിയിലായപ്പോള്‍ സാധാരണ കൗതുകത്തിനോ അരുമമൃഗം എന്ന നിലയ്‌ക്കോ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് നിയമം അത്ര ബാധിച്ചിട്ടില്ല. എന്നാല്‍, ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാര്‍ക്കറ്റിലെത്തിച്ചാല്‍ വിപണിസാധ്യത വളരെ ചുരുക്കമാണ്.

ഭക്ഷ്യ സുരക്ഷ ഗുണനിലവാര അഥോറിറ്റിയുടെ പട്ടികയില്‍ പെടാത്തതിനു മുമ്പ് മുയല്‍ കര്‍ഷകര്‍ അഭിമുഖീകരിച്ച ഒരു പ്രശ്‌നം മുയലിനെ വന്യജീവി സംരക്ഷണനിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ്. 1977ല്‍ മൊറാണ്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ന്യൂസിലന്‍ഡ് വൈറ്റ്, ഗ്രേ ജയന്റ്, വൈറ്റ് ജയന്റ്, സോവിയറ്റ് ചിന്‍ചില തുടങ്ങിയ വിദേശയിനം മുയലുകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. തൊഴിലില്ലായ്മ രൂക്ഷമായ കാലഘട്ടത്തിലായിരുന്നു ഇറക്കുമതി. ഇന്ത്യന്‍ കാടുകളില്‍ കാണുന്ന ഇന്ത്യന്‍ ഹേര്‍ (Lepus nigricollis) വിദേശ മുയലുകളുമായി യാതൊരു സാമ്യവും ഇല്ലാത്തവയാണ് വിദേശയിനം മുയലുകള്‍. അതുകൊണ്ടുതന്നെ ബ്രോയിലര്‍ ആവശ്യത്തിനായി ഇറക്കുമതി ചെയ്ത വിദേശയിനങ്ങളെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നില്ല.

2011 സെപ്റ്റംബര്‍ 21നാണ് മുയലിനെയും കാടയെയും വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയത്. എന്നാല്‍ കേരളത്തില്‍നിന്നു വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ ഇതേക്കുറിച്ചു പഠിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. സമിതിയുടെ ശിപാര്‍ശപ്രകാരം 2013 ഡിസംബര്‍ 13ന് വീട്ടില്‍ വളര്‍ത്തുന്ന മുയലുകളും കാടപ്പക്ഷികളും വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയല്ലെന്നു വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കാട രക്ഷപ്പെട്ടെങ്കിലും മുയല്‍ വളര്‍ത്തല്‍ ഇന്നും ഭീതിയിലാണ്. മുയല്‍ വളര്‍ത്തുന്നതില്‍ തെറ്റില്ലെന്നും ഇതുവരെ മുയലിനെ വളര്‍ത്താനോ കൊല്ലാനോ പാടില്ലെന്ന ഉത്തരവ് ഇതുവരെ വന്നിട്ടില്ല. പക്ഷേ ഭക്ഷ്യാവശ്യത്തിനായി കൊല്ലാവുന്ന മൃഗങ്ങളുടെ ലിസ്റ്റില്‍ മുയലിന്റെ പേരില്ലെന്നേയുള്ളു. അക്കാര്യം ഇത്ര പ്രശ്‌നമായി മാറിയത്, മാറ്റിയത് കേരളത്തില്‍ മാത്രമാണ്. ഈ ഭീതി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ മുയല്‍കൃഷിയെ പ്രത്സാഹിപ്പിക്കാനോ അനുബന്ധ നിര്‍ദേശങ്ങള്‍ നല്കാനോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു താത്പര്യമില്ല. അതേസമയം മൃഗസംരക്ഷണ വകുപ്പു മുയല്‍ വളര്‍ത്തുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയും അതിനു സബ്‌സിഡി നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും മുയലുകളെ കൊല്ലാമെന്നു പറഞ്ഞിട്ടില്ലെന്നാണ് ഇതേക്കുറിച്ചു മന്ത്രി കെ.പി. മോഹനന്‍ പ്രതികരിച്ചത്.

വര്‍ഷങ്ങളായി കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മുയല്‍ ഇറച്ചി ഉപയോഗിക്കുന്നതിനാലും സര്‍ക്കാര്‍തന്നെ ഇതിനെ പ്രോല്‍സാഹിപ്പിക്കുന്നതിനാലും ഇതു സംബന്ധിച്ച കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തണമെന്നു മൃഗസംരക്ഷണ ഡയറക്ടറോട് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമ ജൂണ്‍ നാലിനു നടന്ന നിര്‍ദേശക കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്കു ആശ്വസകരമാകുന്ന വ്യക്തമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ശാസ്ത്രീയ അവലോകന പാനലിലേക്ക് ആവശ്യം റഫര്‍ ചെയ്യുകയാണുണ്ടായത്. ഒരു മാസത്തിനുള്ളില്‍ തീരുമാനം അറിയിക്കാമെന്നാണ് കേരളത്തിലെ ഭക്ഷ്യ സുരക്ഷ കണ്‍ട്രോളര്‍ക്കു ലഭിച്ച മറുപടി. പക്ഷേ ഭക്ഷണാവശ്യത്തിനായി കൊല്ലാവുന്ന മൃഗങ്ങളുടെ ലിസ്റ്റില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന ഒരു ഉറപ്പും ലഭിച്ചിട്ടില്ല.

സര്‍ക്കാര്‍ ഒരേസമയം വളര്‍ത്താന്‍ സഹായം നല്കുകയും പിന്നീടതിനെതിരേ പറയുകയും ചെയ്യുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കര്‍ഷകരാണ്. കേരളത്തില്‍ മുയല്‍കൃഷി പ്രതിസന്ധിയിലായ സാഹചര്യം മുതലെടുത്ത് കര്‍ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ വിപണിമൂല്യം ലക്ഷ്യമിട്ട് നിരവധി മുയല്‍ ഫാമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പച്ചക്കറികള്‍ക്കും, ചിക്കനും, ബീഫിനും അയല്‍ സംസ്ഥാനങ്ങളില്‍നിന്നു യഥേഷ്ടം കേരളത്തിലേക്കു കടന്നു വരാവുന്ന സാഹചര്യം ഇന്നുള്ളപ്പോള്‍ കേരളത്തിലെ പ്രതിസന്ധി മുതലെടുത്ത് മുയലുകള്‍ നിറഞ്ഞ വാഹനങ്ങള്‍ ഇവിടെത്തുന്ന നാള്‍ വിദൂരമല്ല. കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും കര്‍ഷകരെ അതിനുള്ളില്‍ പിടിച്ചുനിര്‍ത്തുന്ന സഹായങ്ങള്‍ക്കൂടി സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണം.

മുയല്‍ വളര്‍ത്തുന്നതിനോ അതിനെ ഭക്ഷണാവശ്യത്തിനായി കൊല്ലുന്നതിനോ നിലവില്‍ തടസമില്ലെങ്കിലും കര്‍ഷകര്‍ ഭീതിയിലാണ്. അടുത്തിടെ മഹാരാഷ്ട്രയില്‍ കാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവായതും. കൊന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും മുയല്‍ കര്‍ഷകരുടെ ഭീതി വര്‍ധിപ്പിച്ചു. വിദേശയിനം മുയലുകളെയും പക്ഷികളെയും കൂട്ടിലിട്ടു വളര്‍ത്തുന്നതിനു നിലവില്‍ നിയമപരമായ തടസങ്ങളില്ല. അതുകൊണ്ടുതന്നെ മുയല്‍ വളര്‍ത്തുന്നതിന്‍ തെറ്റില്ല. മൃഗസംരക്ഷണ വകുപ്പില്‍നിന്നും, നബാര്‍ഡ് പോലുള്ള ധനകാര്യ സംഘടനയില്‍നിന്നുമൊക്കെ മുയല്‍ വളര്‍ത്തുന്നതിനാവശ്യമായ സഹായങ്ങള്‍ ഇപ്പോഴും നല്കി വരുന്നു. എന്തൊക്കെയാണെങ്കിലും ഒന്ന് ഓര്‍ക്കുക. കര്‍ഷകര്‍ക്കെതിരേ ഉയരുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും രൂക്ഷമായി തീരുന്നത് ഇന്നത്തെ മാധ്യമസംസ്‌കാരത്തിന്റെ അനന്തരഫലമാണ്. ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്ന വിലകുറഞ്ഞ സംസ്‌കാര മത്സരത്തില്‍ ബലിയാടാകുന്നത് കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം നടത്തുന്ന കര്‍ഷകരാണ്.

കര്‍ഷകരുടെ പ്രതിസന്ധികളില്‍ മുതലെടുപ്പ് നടത്താതെ ആവശ്യമായ സഹായങ്ങള്‍ നല്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം. കര്‍ഷകര്‍ അവഗണിക്കപ്പെടേണ്ടവരല്ല. അവര്‍ക്ക് നല്ല പിന്തുണ നല്‌കേണ്ടത് അനിവാര്യമാണ്. പ്രതിസന്ധികള്‍ ഉണ്ടാവുകയല്ല സൃഷ്ടിക്കപ്പെടുകയാണ് എന്നുള്ളതിന്റെ വ്യക്തമായ ചിത്രമാണ് ഇത്. എന്തൊക്കെയാണെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.ഇന്ത്യന്‍ ഹേര്‍ അഥവാ കാട്ടുമുയല്‍


കാട്ടില്‍ കാണപ്പെടുന്ന കാട്ടുമുയല്‍ അഥവാ ചെവിയന്‍ മുയല്‍ വളര്‍ത്തു മുയലുകളില്‍നിന്നു വിഭിന്നമാണ്. ഇതിനെ വളര്‍ത്താനോ വേട്ടയാടാനോ പാടില്ല. ഇത് വന്യജീവിയായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഇനമാണിവ.

ശരീരം മുഴുവന്‍ തവിട്ടു നിറമാണെങ്കിലും പുറം കഴുത്തിലും വാലിനു പുറകിലും കറുത്ത നിറം ഇവയുടെ പ്രത്യേകതയാണ്. അടിഭാഗം വെള്ള നിറവുമായിരിക്കും. പെണ്‍മുയലുകള്‍ക്ക് ആണ്‍മുയലിനെ അപേക്ഷിച്ച് വലിപ്പം കൂടുതലായിരിക്കും.

 സാധാരണഗതിയില്‍ പകല്‍ സമയങ്ങളില്‍ ഉറക്കവും രാത്രിയില്‍ ഇരതേടലുമാണ് ഇവരുടെ രീതി. പുല്‍ക്കൂട്ടവും കുറ്റിക്കാടുകളും മാളങ്ങളുമൊക്കെയാണ് വിശ്രമസ്ഥലങ്ങള്‍. വര്‍ഷത്തില്‍ ഒന്ന് എന്ന രീതിയിലാണ് ഇവയുടെ പ്രജനന ചക്രം. പോഷകാഹാരത്തിന്റെ ലഭ്യത പ്രചനനത്തെ ബാധിക്കാറുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍മുയലുകളില്‍ 69% എല്ലാ വര്‍ഷവും പ്രസവിക്കാറുണ്ട്. ഒരു പ്രസവത്തില്‍ ഒന്നു മുതല്‍ എട്ടു കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവാറുണ്ട്. ശരാശരി 45 ദിവസമാണ് പ്രസവകാലം (വളര്‍ത്തു മുയലുകള്‍ക്ക് 31 ദിവസമാണ്). ഒരു വര്‍ഷംകൊണ്ടാണ് പ്രായപൂര്‍ത്തിയാവുക.


ഐബിന്‍ കാണ്ടാവനം


No comments:

Post a Comment

ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി

വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെ...