Monday, 29 February 2016

ശുദ്ധജല മത്സ്യരോഗങ്ങളും പ്രതിവിധികളും PART-1

അനുയോജ്യ സാഹചര്യങ്ങളില്‍ മീനുകളെ അപൂര്‍വമായേ രോഗങ്ങള്‍ ബാധിക്കാറുള്ളൂ. ശരിയായ ജലാവസ്ഥ, വിവിധ തരത്തിലുള്ള ഭക്ഷണം, തിങ്ങിപ്പാര്‍ക്കാത്ത സാഹചര്യങ്ങള്‍, മറ്റു ബുദ്ധിമുട്ടുകളുണ്ടാക്കാത്ത അന്തരീക്ഷം തുടങ്ങിയവ ചേര്‍ന്നതാണ് മീനുകള്‍ക്ക് അനുയോജ്യ സാഹചര്യം എന്നു പറയുന്നത്. സാധാരണഗതിയില്‍ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, പുതിയ മീനുകളെ ടാങ്കില്‍ ഇടുക എന്നവയാണ് പ്രധാനമായും മീനുകളെ സമ്മര്‍ദത്തിലാക്കുക. ആരോഗ്യമുള്ള മീനുകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. എന്നാല്‍ സമ്മര്‍ദങ്ങളുള്ള സാഹചര്യമുണ്ടാകുമ്പോള്‍ മീനുകളെ രോഗങ്ങള്‍ വേഗം വേട്ടയാടുന്നു. രോഗകാരികളാവാന്‍ ജലാശയങ്ങളില്‍ ജൈവ-അജൈവ ഘടകങ്ങളുണ്ട്.

സമ്മര്‍ദങ്ങള്‍ക്കു കാരണമാകുന്ന

അജൈവ ഘടകങ്ങള്‍

അമോണിയ 
ജലാശയത്തിന്റെ അടിത്തട്ടിലടിയുന്ന അധികഭക്ഷണം, മീനുകള്‍ ചത്തടിയുക, ചെടികള്‍ ചീയുക തുടങ്ങിയവയാണ് അമോണിയ വാതകം രൂപപ്പെടാനുള്ള കാരണം. പിഎച്ച് 7നു മുകളില്‍പ്പോയാല്‍ അമോണിയ കൂടുതല്‍ വിഷമാകും. മത്സ്യങ്ങള്‍ മന്ദതയിലായിരിക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുക, ചെകിളപ്പൂക്കളില്‍ നിറവ്യത്യാസം കാണുക എന്നിവയാണ് വെള്ളത്തിലെ അമോണിയയുടെ അളവ് കൂടിയതിന്റെ ലക്ഷണങ്ങള്‍. ഈ സാഹചര്യത്തില്‍ മീനുകള്‍ മിക്കപ്പോഴും ജലോപരിതലത്തിലായിരിക്കും. കുളത്തിലെ വെള്ളം പരിശോധിച്ചാല്‍ അമോണിയബാധ പെട്ടെന്നു സ്ഥിരീകരിക്കാന്‍ കഴിയും.
ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക, വെള്ളം മാറ്റുക, പിഎച്ച് കുറയ്ക്കുക, വാതായനം കൂട്ടുക എന്നിവയാണ് കുളത്തിലെ അമോണിയ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍.

നൈട്രൈറ്റ്/നൈട്രേറ്റ്
അമോണിയ ജലത്തില്‍ രൂപപ്പെടുമ്പോളുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നെയാണ് നൈട്രൈറ്റ്/നൈട്രേറ്റ് രൂപപ്പെടുമ്പോഴും. കാരണങ്ങളും അതുതന്നെ. നല്കുന്ന തീറ്റയുടെ അളവ് കുറയ്ക്കുക, ഭാഗീഗമായി വെള്ളം മാറ്റുക, വാതായനം നടത്തി വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് നൈട്രൈറ്റ്/നൈട്രേറ്റ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍.

ക്ലോറിന്‍
സ്വതന്ത്ര ക്ലോറിന്‍ ഏറ്റവുമധികം കാണപ്പെടുക്ക പൈപ്പ് വെള്ളത്തിലാണ്. അത് മീനുകള്‍ക്ക് ഹാനികരമാണ്. മീനുകളുടെ ചെകിളപ്പൂക്കളെയാണ് ക്ലോറിന്‍ നശിപ്പിക്കുക. ഇതുമൂലം മീനുകള്‍ക്ക് ശ്വസിക്കാനാവാതെ വരുന്നു. പിന്നാലെ മരണവും.
വെള്ളം തിളപ്പിക്കുക, വെള്ളം സൂര്യപ്രകാശമേറ്റ് കുറച്ചുദിവസം തുറന്നു സൂക്ഷിക്കുക, വെള്ളത്തില്‍ വാതായനം നടത്തി പ്രാണവായുവിന്റെ അളവ് കൂട്ടുക തുടങ്ങിയവയാണ് വെള്ളത്തിലെ ക്ലോറിന്റെ അളവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍.

ഹെവി മെറ്റല്‍
ജലാശയങ്ങളില്‍ അടിയുന്ന പഴയ പൈപ്പ് പോലുള്ള വസ്തുക്കളാണ് ഇതിനു കാരണം. ഘന ലോഹങ്ങളുടെ (മാംഗനീസ്, ക്രോമിയം, കൊബാള്‍ട്ട്, നിക്കല്‍, കോപ്പര്‍, സിങ്ക്, സെലീനിയം, സില്‍വര്‍, ആന്റിമണി, താലിയം എന്നിവയാണ് ഹെവി മെറ്റലുകളില്‍ ഉള്‍പ്പെടുക) അളവ് കൂടുമ്പോള്‍ മീനുകള്‍ക്ക് ശ്വസനത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഇതുകാരണം ജലോപരിതലത്തില്‍വന്ന് ശ്വാസമെടുക്കാന്‍ ശ്രമിക്കും. ജലപരിശോധന നടത്തിയാല്‍ ഏതു ലോഹത്തിന്റെ അളവാണ് കൂടിയിരിക്കുന്നതെന്നു കണ്ടെത്താന്‍ കഴിയും. റിവേഴ്‌സ് ഓസ്‌മോസിസ് വഴി വെള്ളത്തിലെ ലോഹങ്ങളുടെ അളവ് കുറയ്ക്കാം. ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ച് അരിച്ചാണ് ഘനലോഹങ്ങളുടെ അളവ് കുറയ്ക്കുക.

ഹൈഡ്രജന്‍ സള്‍ഫൈഡ്
കുളത്തില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളാണ് ഹൈഡ്രജന്‍ സള്‍ഫൈഡ് രൂപപ്പെടാന്‍ കാരണം. മീനുകള്‍ക്ക് അപകടകാരിയായ ഈ വാതകത്തിനു ചീമുട്ടയുടെ മണത്തിനു സമാനമായ മണമായതിനാല്‍ പെട്ടെന്നുതന്നെ തിരിച്ചറിയം. മീനുകള്‍ ജലോപരിതലത്തിലൂടെ നീന്തി അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കാന്‍ ശ്രമിക്കും. പൂര്‍ണമായും വെള്ളം മാറ്റി കുളം ശുദ്ധീകരിക്കുക എന്നതാണ് ഏക പോംവഴി. ഒപ്പം അടിത്തട്ടിലെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുകയും വേണം.

മരുന്നുകള്‍
അവശ്യഘട്ടങ്ങളില്‍ മീനുകള്‍ക്ക് മരുന്നുകള്‍ നല്‌കേണ്ടിവരാറുണ്ട്. കോപ്പര്‍ അടങ്ങിയിരിക്കുന്ന മരുന്നുകള്‍ നട്ടെല്ലില്ലാത്ത ജീവികള്‍ക്ക് അപകടം വരുത്തിവയ്ക്കും. പ്രത്യേകിച്ച് പൂച്ചമത്സ്യങ്ങള്‍, ടെട്ര, ലോച്ച് തുടങ്ങിയവയ്ക്ക്. മാത്രമല്ല കുളത്തിലെ ചെറു ജീവികളും ഒച്ചുകളും നശിക്കാനിടയാകും. മീനുകള്‍ക്ക് അനുയോജ്യമായ മരുന്നാണെന്നു ലേബല്‍ നോക്കി ഉറപ്പുവരുത്തിയിരിക്കണം. മീനുകള്‍ക്ക് അസ്വസ്തതയുണ്ടായാല്‍ ഉടനടി വെള്ളം മാറ്റുക.

മറ്റു വിഷകരമായ വസ്തുക്കള്‍
ചില സാഹചര്യങ്ങളില്‍ മറ്റു ചില രാസവസ്തുക്കളും കുളങ്ങളില്‍ എത്തപ്പെടാറുണ്ട് (സിഗരറ്റ് പുക, പെയിന്റ്, കീടനാശിനികള്‍ എന്നിവ). ഇത്തരം വസ്തുക്കള്‍ ജലാശയത്തെയും അതിലെ ജീവിവര്‍ഗത്തെയും നശിപ്പിക്കും. വെള്ളം മാറ്റുകയോ ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ച് അരിക്കുകയോ ചെയ്യണം.

താപനില
മിക്ക ശുദ്ധജലമത്സ്യങ്ങളും ജീവിക്കാന്‍ അനുയോജ്യമായ ജലതാപനില 23-28 ഡിഗ്രി സെല്‍ഷ്യസാണ്. ഇതില്‍ കൂടിയാലും കുറഞ്ഞാലും മത്സ്യങ്ങളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും അത് സാരമായി ബാധിക്കും. ശക്തിയേറിയ ചൂടേല്‍ക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്.

പിഎച്ച്
മിക്ക ജലാശയങ്ങളിലെയും പിഎച്ച് താരതമ്യേന ന്യൂട്രല്‍ റേഞ്ചിലായിരിക്കും. പിഎച്ച് ശരിയല്ലെങ്കില്‍ മീനുകളുടെ ആരോഗ്യത്തെ ബാധിക്കുകയും രോഗം വരുകയോ ചത്തുപോവുകയോ ചെയ്യാം. ബാലന്‍സ് ഇല്ലാതെയുള്ള നീന്തല്‍, ചെകിളപ്പൂക്കളുടെ നിറം മാറുക (ചിലപ്പോള്‍ രക്തവും വന്നേക്കാം), ജലോപരിതലത്തില്‍വന്ന് ശ്വസിക്കുക എന്നവയാണ് ലക്ഷണങ്ങള്‍. പിഎച്ച് കുറയുകയോ താഴുകയോ ചെയ്താല്‍ വളരെ വേഗം പൂര്‍വസ്ഥിതിയിലാക്കരുത്. സാവധാനം മാത്രം ശ്രമിക്കുക (ഇതിനെക്കുറിച്ച് മുമ്പോരു പോസ്റ്റില്‍ പറഞ്ഞിരുന്നു http://kandavanamibin.blogspot.in/2015/12/factors-affecting-aquaculture.html). വെള്ളത്തിലെ പിഎച്ച് ചുരുങ്ങിയത് ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ പരിശോധിക്കുന്നത് നന്ന്.


പ്രാണവായുവിന്റെ കുറവ്
മത്സ്യങ്ങളുടെ ചെകിളകള്‍ വളരെ വേഗത്തില്‍ ചലിക്കുന്നതും ജലോപരിതലത്തിലൂടെ നീന്തുന്നതും പ്രധാന ലക്ഷണം. പതുക്കെ മത്സ്യങ്ങളുടെ ശരീരനിറം മങ്ങുകയും മരണത്തിലേക്ക് നീങ്ങുകയും ചെയ്യും. വാതായനം കുറയുക, ജൈവമാലിന്യങ്ങളുടെ അളവ് കൂടുക, അധിക താപനില, സസ്വങ്ങളുടെ ശ്വസനം എന്നിവയാണ് വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് കുറയാനുള്ള കാരണം. ഭാഗിക ജലമാറ്റം, വാതായനം, ചത്തതും ചാകാറായതുമായ മത്സ്യങ്ങളെ നീക്കം ചെയ്യുക എന്നിവയിലൂടെ പ്രാണവായു വര്‍ധിപ്പിക്കാം.

തുടരും...

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...